കാസര്‍കോട്: ബസില്‍ കടത്തിയ 139.38 ഗ്രാം മെത്തഫെറ്റമിന്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം, കുഞ്ചത്തൂര്‍ ഗവ. എല്‍ പി സ്‌കൂളിനു സമീപത്തെ ഹൈദരാലി (40)യെയാണ് മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജയിംസും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് കര്‍ണ്ണാടക കെ എസ് ആര്‍ ടി ബസിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി കെ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി പി സജിത്ത് എന്നിവരും ഉണ്ടായിരുന്നു.
മറ്റൊരു സംഭവത്തില്‍ അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച് അനധികൃത വില്‍പ്പന നടത്തുകയായിരുന്ന ആളെ ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് അധികൃതര്‍ അറസ്റ്റു ചെയ്തു. ഹൊസ്ദുര്‍ഗ്ഗ് ബല്ല, ആലയിലെ പി സുധീന്ദ്ര(43)നെയാണ് അറസ്റ്റ് ചെയ്തത്. മദ്യവും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മാവുങ്കാലിലെ ഒരു ഷെഡില്‍ മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്.
ഹൊസ്ദുര്‍ഗ്ഗ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വി ജിഷ്ണു കുമാര്‍, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ജുനൈദ്, അസി. ഇന്‍സ്‌പെക്ടര്‍ പി രാജീവന്‍, കെ വി മുരളി, ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
