മംഗളൂരു: വടിവാള്‍ വീശി പൊതുസ്ഥലത്ത് പരാക്രമം കാണിക്കുകയും പള്ളിയിലേക്ക് അതിക്രമിച്ചു കയറയുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഹസ്സന്‍ സ്വദേശിയും ബണ്ട്വാളില്‍ താമസക്കാരനുമായ രാജു(45)വാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ പുത്തൂരിലെ കസബ ബൊളുവാരുവിലാണ് ഇയാള്‍ പരാക്രമം കാണിച്ചത്.
ഒരാള്‍ വാള്‍ പിടിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ ആളെ കീഴ്‌പ്പെടുത്തി പിടികൂടി.
ഇന്ത്യന്‍ ആയുധ നിയമത്തിലെ സെക്ഷന്‍ 25(1ബി)(ബി), ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 110 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
