മലപ്പുറം: വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മദ്രസാധ്യാപകന് 86 വർഷം കഠിന തടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്കപറമ്പിൽ വീട്ടിൽ ജാബിർ അലിയെ (27) ആണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2022 ഏപ്രിൽ 21നാണ് കേസിനാസ്പദമായ സംഭവം. മദ്രസയിലെ ശുചിമുറിയിൽവച്ച് ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തു. വീട്ടിലെത്തിയ കുട്ടി സഹോദരിയോടു കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് മലപ്പുറം വനിത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 19 സാക്ഷികളെ വിസ്തരിച്ചതിനു ശേഷമാണ് വിധി പ്രഖ്യാപിച്ചത്. പ്രതിയിൽ നിന്നു ഈടാക്കുന്ന പിഴ തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കാനും കോടതി നിർദേശിച്ചു.
