തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ എൻ.കെ. സുധീർ ബിജെപിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് സുധീർ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നേരത്തേ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് സുധീറിനെ 3 വർഷത്തേക്ക് സംസ്ഥാന കൺവീനർ പി.വി. അൻവർ തൃണമൂലിൽ നിന്നു പുറത്താക്കിയത്. ബിജെപിയുമായി ചർച്ച നടത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കോൺഗ്രസ് നേതാവായിരുന്ന സുധീർ ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിച്ചതോടെയാണ് അൻവറിനൊപ്പം കൂടിയത്. എൽഡിഎഫ് വിട്ടതിനു പിന്നാലെ അൻവർ രൂപം നൽകിയ ഡിഎംകെ എന്ന സംഘടനയിൽ അംഗമായി. തുടർന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും 3920 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എഐസിസി അംഗമായ സുധീർ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. കെപിസിസി സെക്രട്ടറി, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശനം വൈകുന്നതാണ് സുധീറിന്റെ കളം മാറ്റത്തിനു കാരണമെന്നാണ് സൂചന.
