തിരുവനന്തപുരം: തിരുവല്ലത്ത് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളായണി കാർഷിക കോളജിലെ ഫാം തൊഴിലാളി തിരുവല്ലം കുന്നുവിള വീട്ടിൽ ഉഷ(38) ആണ് മരിച്ചത്. ഇവരുടെ വീടിനു സമീപത്തെ ജോയി എന്നയാളുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച ഉച്ചയ്ക്കാണ് ഉഷയെ വീട്ടിൽ നിന്നു കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസെത്തി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ അയൽവാസിയുടെ കിണറിന്റെ മുകളിലെ വല മാറി കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിനുവാണ് മരിച്ച ഉഷയുടെ ഭർത്താവ്. സാന്ദ്ര, ജീവൻ എന്നിവർ മക്കളാണ്.
