മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച 6 വയസ്സുകാരനെ ക്രൂരമായി മർദിച്ച രണ്ടാനമ്മ പൊലീസിൽ കീഴടങ്ങി. നിലമ്പൂർ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങിയത്. പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയുടെ മാതാവ് അർബുദബാധിതയെത്തുടർന്നു 2020 ഒക്ടോബറിൽ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത മാസമാണ് കുട്ടിയുടെ പിതാവ് ഉമൈറയെ വിവാഹം കഴിച്ചത്. കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്ന അതേ സ്കൂളിൽ ഉമൈറ അധ്യാപികയായി ജോലിക്കു കയറി. സ്വന്തം അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. എന്നാൽ കോടതി മുഖേന പിതാവ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു.
അച്ഛൻ വിദേശത്ത് ജോലി ചെയ്തിരുന്നതിനാൽ രണ്ടാനമ്മയായ ഉമൈറയ്ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജൂലൈ നാലിന് അമ്മയുടെ പിതാവ് കുട്ടിയെ കാണാൻ സ്കൂളിലെത്തിയപ്പോഴാണ് ശരീരത്തിലെ പരുക്കുകൾ ശ്രദ്ധയിൽപെട്ടത്. കുട്ടിക്കു നടക്കാനും പ്രയാസമുണ്ടായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ആരോപണം പരിശോധിച്ച ചൈൽഡ് ലൈൻ അധികൃതർ കുട്ടി മർദനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ കേസെടുക്കാൻ പൊലീസിനു നിർദേശം നൽകി. കുട്ടിയെ ഉപദ്രവിച്ചതായി ഉമൈറ ബന്ധുക്കളോട് സമ്മതിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഉമൈറ ഒളിവിൽ പോകുകയായിരുന്നു.
