തിരുവനന്തപുരം: വിശേഷപ്പെട്ട ഗുണങ്ങളുള്ള ആരോഗ്യപ്പച്ചയെ ലോകത്തിനു പരിചയപ്പെടുത്തിയ കല്ലാർ മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പൻ മല്ലൻ കാണി(112) അന്തരിച്ചു. പ്രാചീന ഗോത്ര സംസ്കാരത്തിന്റെ ഉടമകളായ കാണിക്കാർ കണ്ടെത്തിയ ആരോഗ്യപ്പച്ചയെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകർക്ക് പരിചയപ്പെടുത്തിയത് മല്ലൻ കാണിയായിരുന്നു. 1987ലാണ് കോട്ടൂർ ചോനാംപാറ കോളനിയിലെ കുട്ടിമാത്തൻ കാണിയും മല്ലൻ കാണിയും സസ്യത്തെ ഗവേഷകർക്ക് പരിചയപ്പെടുത്തിയത്. ഇതോടെ രാജ്യാന്തര തലത്തിൽ ആരോഗ്യപ്പച്ച ശ്രദ്ധ നേടി. മിറക്കിൾ ഹെർബ്ബ് എന്ന പേരിൽ ടൈംമാഗസീൻ ആരോഗ്യപ്പച്ചയെക്കുറിച്ച് കവർസ്റ്റോറി നൽകിയിരുന്നു. ഭൗമ ഉച്ചകോടിയിലും ചെടിയുടെ ഔഷധ ഗുണങ്ങൾ ചർച്ചാ വിഷയമായി. അഗസ്ത്യാർകൂട മലനിരയിൽ സ്വാഭാവികമായി കണ്ടുവരുന്ന ആരോഗ്യപ്പച്ച രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറെ സഹായകമാണ്.
