മംഗളൂരു: കര്‍ണാടകയിലെ ശിവമോഗ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ വയറില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൊബൈല്‍ ഫോണ്‍. കഞ്ചാവ് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന 30 വയസുകാരനായ ദൗലത്ത് എന്ന ഗുണ്ടു ആണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. വയറ്റില്‍ കല്ല് കുടുങ്ങിയതിനെത്തുടര്‍ന്ന് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി ഇയാള്‍ ജയില്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ദൗലത്തിനെ മക്ഗണ്‍ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയില്‍ ദൗലത്തിന്റെ വയറ്റില്‍ ഒരു വസ്തു ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇത് നീക്കം ചെയ്യാനായി അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിക്കുകയും ഇയാളെ അതിന് വിധേയനാക്കുകയും ചെയ്തു. ഏകദേശം ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ള ഒരു ചെറിയ മൊബൈല്‍ ഫോണാണ് തടവുകാരന്റെ വയറ്റില്‍ നിന്ന് വിജയകരമായി പുറത്തെടുത്തത്. ജൂലൈ 8-നാണ് ഈ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ ഡോക്ടര്‍മാര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി.
ജയിലിനുള്ളിലേക്ക് നിരോധിത വസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നതിന് തടവുകാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2024 ജൂണില്‍, മയക്കുമരുന്ന് കടത്ത് കേസില്‍ ശിവമോഗ ജില്ലാ കോടതി ദൗലത്തിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
