കാസർകോട്: നീലേശ്വരം രാജാ റോഡിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ ആൾ പിടിയിൽ. ഇരിട്ടി വള്ളിത്തോട് കുരുവിക്കാട്ടിൽ കുരുവി സജുവാ(40)ണു പിടിയിലായത്. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നിർദേശപ്രകാരം നീലേശ്വരം എസ്ഐ കെ.വി. രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാഞ്ഞങ്ങാട് വെച്ച് പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയിൽനിന്ന് 28,500 രൂപ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ ഞായറാഴ്ച ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കും. വ്യാഴാഴ്ച വൈകിട്ടാണ് നീലേശ്വരത്തെ പെട്രോൾ പമ്പിൽ കവർച്ച നടന്നത്. നീല ഷർട്ടും മുണ്ടും ധരിച്ച് എത്തിയ പ്രതി കുട മറയാക്കി മേശവലിപ്പിൽനിന്ന് ഒന്നര ലക്ഷം രൂപ മോഷ്ടിച്ചത്. 500 രൂപയുടെ 3 കെട്ട് നോട്ടുകളാണ് ഇയാൾ മോഷ്ടിച്ചത്. കുപ്രസിദ്ധ മോഷ്ടാവ് ഇരിട്ടി ചെളിയംതോടിലെ കുരുവി സജുവാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ തന്നെ പൊലീസ് തിരിച്ചറിഞ്ഞു. നീലേശ്വരം കാഞ്ഞിരയ്ക്കൽ ജ്വല്ലറിയിലേതടക്കം ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. മോഷണ ശേഷം കർണാടകത്തിലേക്കു മുങ്ങുന്നതാണ് ഇയാളുടെ രീതി.
