ഗോഹട്ടി: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ സന്തുഷ്ടനായ ഭര്‍ത്താവ് നാലു ബക്കറ്റ് പാലില്‍ കുളിച്ചു. ലോവര്‍ അസമിലെ നാല്‍ബാരി ജില്ലയിലെ മാണിക് അലിയാണ് പാലഭിഷേകം നടത്തി ശരീരശുദ്ധി വരുത്തിയത്. ശരീരശുദ്ധിക്കൊപ്പം മനശുദ്ധിക്കുവേണ്ടി മനസിലുണ്ടായിരുന്ന ദുഖങ്ങളൊക്കെ തുറന്നു പറഞ്ഞുകഴുകി കളഞ്ഞ അദ്ദേഹം താന്‍ ഇന്നുമുതല്‍ സ്വതന്ത്രനായിരിക്കുന്നുവെന്ന് ആഹ്ലാദത്തോടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഭാര്യ ഇടക്കിടെ കാമുകനൊപ്പം ഒളിച്ചുപോയികൊണ്ടിരുന്നുവെന്ന് സന്തോത്തോടെ മണിക് അലി പറഞ്ഞു. അപ്പോഴൊക്കെ ആ പ്രശ്‌നത്തിന്റെ പേരില്‍ കുടുംബത്തിന്റെ സമാധാനം തകരരുതെന്നു കരുതി താന്‍ മൗനം പാലിച്ചു. മണിക് അലിയുടെ ഈ വെളിപ്പെടുത്തല്‍ അയല്‍നാട്ടുകാരും സമ്മതിച്ചു. കുറഞ്ഞത് രണ്ടുതവണയെങ്കിലും മണിക് അലിയുടെ ഭാര്യ കാമുകനൊപ്പം പോയിട്ടുണ്ടെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു. കാമുകനൊപ്പം ഭാര്യയുടെ ഒടുക്കത്തെ പോക്ക് കഴിഞ്ഞിട്ടും മണിക് അലി മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ ഇവരുടെ വേര്‍പിരിയല്‍ നിയമപരമായി പൂര്‍ത്തിയാക്കിയ ഉടന്‍ വീട്ടുമുറ്റത്ത് അയാള്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് നിവര്‍ത്തിയിട്ടു. പിന്നീട് അതില്‍ പാല്‍ നിറച്ച നാലു ബക്കറ്റ് കൊണ്ടുവച്ചു. ഓരോ ബക്കറ്റും തുറന്ന് അതിലെ പാലെടുത്ത് കുളിയും ആരംഭിച്ചു. കുളിക്കിടയില്‍ അദ്ദേഹം താന്‍ സ്വതന്ത്രനായെന്നു ഉറക്കെ വിളിച്ചുപറഞ്ഞു. തന്റെ പാലഭിക്ഷേകവും സ്വാതന്ത്ര്യ പ്രഖ്യാപനവും കാണാന്‍ സുഹൃത്തുക്കളെയും നാട്ടുകാരെയും കുളി തുടങ്ങുന്നതിന് മുമ്പായി വീട്ടില്‍ ക്ഷണിച്ചുവരുത്തിയിരുന്നു. പാലഭിഷേകം ആദ്യന്തം ക്യാമറയില്‍ പകര്‍ത്തിയ അലി ക്ഷീരസ്‌നാനം ചെയ്ത് സകലമാലിന്യങ്ങളും കഴുകി കളഞ്ഞ ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ക്യാമറിയിലെ ദൃശ്യങ്ങള്‍ മുഴുവന്‍ വിഡിയോ ആക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. അത് സോഷ്യല്‍ മീഡിയ ഉല്‍സവമായി ആഘോഷിച്ചുകൊണ്ടിരിക്കുന്നു.
