കാസര്‍കോട്/ പാലക്കാട്: കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന ഗുരുപൂജ വിവാദം പുതിയ തലത്തിലേയ്ക്ക്. ഗുരുപൂജ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ളേക്കര്‍ ശക്തമായി രംഗത്ത്. പാദപൂജ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജ നടത്തുന്നത് ആദരവാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പാലക്കാട്ട് നടത്തുന്ന ബാലഗോകുലം 50-ാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരത്തെയും രീതികളെയും ചിലര്‍ എതിര്‍ക്കുന്നു. സംസ്‌കാരത്തെ മറന്നാല്‍ നമ്മളെത്തന്നെ മറന്നുപോകും- അദ്ദേഹം പറഞ്ഞു.
ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലേയ്ക്ക് കേരളത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് പാദപൂജയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ആരംഭിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ‘ജനാധിപത്യത്തെ തകര്‍ക്കുകയാണ് പാദപൂജയുടെ ലക്ഷ്യം. കുട്ടികളില്‍ അടിമത്ത മനോഭാവം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണ് നടന്നത്. അധ്യാപകരെ ബഹുമാനിക്കണമെന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല. ആരെയും ബഹുമാനിക്കുന്നതില്‍ ഒരു തരത്തിലുമുള്ള എതിര്‍പ്പും സിപിഎമ്മിന് ഇല്ല’- എം വി ഗോവിന്ദന്‍ പറഞ്ഞു.
