കാസര്‍കോട്: കാറില്‍ കടത്തുന്നതിനിടയില്‍ പെരിയ, മുത്തനടുക്കത്തു നിന്നു 256.02 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നു പേരെ കൂടി ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കണ്ണൂര്‍, കൂത്തുപറമ്പ്, അടിയറപ്പാറ, രഹ്നാ മന്‍സിലിലെ കെ.പി മുഹമ്മദ് അജ്മല്‍ കരിം(20), പാലക്കാട്, മണ്ണാര്‍ക്കാട്, കോള്‍പ്പാടം, തെങ്കര, വെള്ളാപ്പുള്ളി വീട്ടില്‍ വി.പി ജംഷാദ് (31), കുഞ്ചക്കോട്, തെങ്കരപാലത്തും വീട്ടില്‍ ഫായിസ് (26) എന്നിവരെയാണ് ബേക്കല്‍ പൊലീസ് ബംഗ്ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. ഇവരാണ് ചൊവ്വാഴ്ച രാത്രി പെരിയ, മുത്തനടുക്കത്തു പിടിയിലായ ബോവിക്കാനം, പൊവ്വലിലെ മുഹമ്മദ് ഡാനിഷ്, ആലംപാടിയിലെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തിയതെന്നു പൊലീസ് പറഞ്ഞു. അബ്ദുല്‍ ഖാദറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇപ്പോള്‍ അറസ്റ്റിലായ മൂന്നു പേരെ കുറിച്ചും വ്യാഴാഴ്ച വയനാട്ടില്‍ അറസ്റ്റിലായ കോഴിക്കോട്, കൂടരഞ്ഞി സ്വദേശിയായ സാദിഖലി (36)യെ കുറിച്ചും വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ എം.വി ശ്രീദാസ്, എസ്.ഐ എം സവ്യസാചി, പ്രൊബേഷണറി എസ്ഐമാരായ അഖില്‍ സെബാസ്റ്റ്യന്‍, മനുകൃഷ്ണന്‍, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, അനീഷ് കുമാര്‍, ഭക്തശൈവന്‍, കെ. സുഭാഷ് ചന്ദ്രന്‍, എം. സന്ദീപ്, മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
