തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിനു ധിക്കാര നിലപാടില്ല. താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ സമയത്തില്‍ ഒരു വിഭാഗത്തിനു മാത്രം സൗജന്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
ഇതിനു പിന്നാലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് കടുപ്പിച്ചിരുന്നു. സമയമാറ്റം സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു പരാതി നല്‍കുകയും ചെയ്തു. സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ലെന്നും സര്‍ക്കാരിനു വാശി പാടില്ലെന്നും മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് മന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു രംഗത്തു വന്നത്.
