തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് ഗതാഗത വകുപ്പ്. അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്‌പെന്‍ഷന്‍ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതും സദാചാര നടപടിയുമാണെന്ന ആക്ഷേപം ശക്തമായതോടെയാണ് ഇതു പിന്‍വലിക്കുന്നതായി ഗതാഗത വകുപ്പ് അറിയിച്ചത്. കൊല്ലത്തെ വനിതാ കണ്ടക്ടറെയാണ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്.
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിത കണ്ടക്ടറുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് ഭാര്യ, മന്ത്രി കെ.ബി. ഗണേശ് കുമാറിനെ സമീപിച്ചതോടെയായിരുന്നു ഇത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിയാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള സംസാരത്തിന്റെ ദൃശ്യങ്ങളും വാട്‌സാപ് ചാറ്റും തെളിവായെടുത്താണ് കെഎസ്ആര്‍ടിസി നടപടിയെടുത്തത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
