തിരുവനന്തപുരം: കാസര്‍കോട് ബന്തടുക്കയില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജിനോട് കമ്മിഷന്‍ വിശദീകരണം തേടി. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അംഗം ബി മോഹന്‍കുമാര്‍ ഉത്തരവിട്ടു. ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് കാല്‍കഴുകിച്ച സംഭവം നടന്നത്. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. വിരമിച്ച 30 അധ്യാപകരുടെ കാലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിക്കുകയായിരുന്നു. സംഭവത്തില്‍ എസ്.എഫ്.ഐ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. അതേസമയം വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന സംഭവം അപലപനീയമാണെന്നും അതീവ ഗൗരവത്തോടെയാണ് അതിനെ സര്‍ക്കാര്‍ കാണുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. സി ബി എസ് ഇ സിലബസ് പിന്തുടരുന്ന ഈ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കും.
ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
