തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ബിജെപി സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനത്തിനു എത്തിയ അദ്ദേഹം ശനിയാഴ്ച രാവിലെ സംസ്ഥാന ഭാരവാഹികളുമായി നടത്തിയ യോഗത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എത്രയും വേഗത്തില്‍ മേഖലാ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കണമെന്നും അമിത്ഷാ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആഗസ്ത് മാസത്തില്‍ വീണ്ടും കേരളത്തില്‍ എത്തുമെന്നും അമിത് ഷാ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
ഓഫീസ് മന്ദിര ഉദ്ഘാടനത്തിനു ശേഷം നടന്ന നേതൃ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വികസിത കേരളമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ എല്ലാവരും ഒന്നിച്ച് അണിനിരക്കണം. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യം പൂര്‍ണമാകൂവെന്ന പ്രധാന മന്ത്രിയുടെ ലക്ഷ്യം സഫലമാക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ലക്ഷ്യം അണികളുടെ വികസനമാണെന്നും അതേസമയം സമ്പൂര്‍ണ കേരളത്തിന്റെ വികസനമാണ് നരേന്ദ്ര മോദിയുടെയും ബിജിപിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന റെയില്‍വേയുടെയും ദേശീയപാതയുടെയും വികസന പദ്ധതികള്‍ കേന്ദ്രത്തിന് കേരളത്തോടുള്ള പരിഗണനയുടെ തെളിവാണ്. സംസ്ഥാനത്ത് തീവ്രവാദത്തിന് തടയിട്ടത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അഴിമതിയാണ്. ഈ അഴിമതി അവസാനിപ്പിക്കണം. അതിന് മുഴുവന്‍ പുരോഗമന വാദികളും ബിജെപിക്കൊപ്പം ചേരുകയും പാര്‍ടിയെ ശക്തമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ അദ്ദേഹം എടുത്തുകാട്ടി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
