കണ്ണൂര്‍: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ശനിയാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തുന്ന അമിത്ഷായ്ക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. ദേശീയ സുരക്ഷാ ഗാര്‍ഡിനാണ് സുരക്ഷാ ചുമതല. എഡിജിപി, ഐ.ജി., ജില്ലാ പൊലീസ് മേധാവി, ഡിവൈ.എസ്.പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, എസ്‌ഐമാര്‍ തുടങ്ങിയവരും കേന്ദ്രമന്ത്രിക്കു സുരക്ഷ ഒരുക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ പൊലീസും സുരക്ഷയ്ക്കുണ്ടാകും.
വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന അമിത്ഷാ ശനിയാഴ്ച രാവിലെ പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അമിത് ഷായ്ക്കു വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കും.
തുടര്‍ന്നു 28 വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ അമിത്ഷാ തളിപ്പറമ്പിലേക്ക് യാത്ര തിരിക്കും. മന്ത്രിയും സംഘവും നണിയൂര്‍ പാലത്തിനു സമീപത്ത് എത്തുന്നതോടെ തളിപ്പറമ്പ് നഗരത്തിലെ ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിക്കും. മന്ത്രി എത്തുന്നതിനു തൊട്ടുമുമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഒഴികെയുള്ളവരെയെല്ലാം ക്ഷേത്രത്തില്‍ നിന്നു ഒഴിവാക്കും. ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, കെ. രഞ്ജിത്ത്, കെ.കെ വിനോദ് കുമാര്‍, അജയകുമാര്‍, എ.പി ഗംഗാധരന്‍ എന്നിവര്‍ക്കും മന്ത്രിക്കുമൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതിനു അനുമതിയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മന്ത്രിക്കൊപ്പം ഉണ്ടാകും. പൊന്നിന്‍ കുടം വച്ച് തൊഴുത ശേഷമായിരിക്കും ക്ഷേത്രദര്‍ശനം കഴിഞ്ഞ് കേന്ദ്രമന്ത്രിയും സംഘവും മടങ്ങുക. അമിത്ഷാ നേരത്തെ രണ്ടു തവണ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.
