മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറുടെ താക്കീതും വിമര്‍ശനവും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയുടെയും കൃത്യമായ പഠനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുക തന്നെ വേണം- കാന്തപുരം വ്യക്തമാക്കി.
സ്‌കൂള്‍ സമയം മാറ്റിയതിനെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും ശക്തമായി വിമര്‍ശിച്ചു. പിണറായി സര്‍ക്കാരിന്റേത് ഫാസിസ്റ്റ് സമീപനവും ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നിലവാരമുള്ള വിദ്യാഭ്യാസമാണ് ലക്ഷ്യമെന്നതിനാല്‍ ഒന്നോ രണ്ടോ സംഘടനകളോട് ആലോചിച്ചാല്‍ പോരെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ക്ലീമ്മീസ് കതോലിക്കാ ബാവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്‌കൂളുകളിലെ പ്രാര്‍ത്ഥനകള്‍ മതേതരമാക്കണമെന്ന കാര്യം ചര്‍ച്ചയ്ക്കു വന്നിട്ടില്ല. പ്രാര്‍ത്ഥന അങ്ങനെ മാറ്റാന്‍ കഴിയില്ല-അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും വിരട്ടല്‍ വേണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി വ്യക്തമാക്കി.
