കാസർകോട്: ചുറ്റിലും ആൾക്കാർ നിൽക്കുമ്പോൾ കുട ചൂടിയെത്തിയ മോഷ്ടാവ് നീലേശ്വരം നഗരമധ്യത്തിലെ പെട്രോൾ പമ്പിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ രാജാറോഡിലെ പരിപ്പുവട വിഭവശാലയ്ക്കു മുൻപിലെ ബിപിസിഎൽ പെട്രോൾ പമ്പിൽ ആണ് സംഭവം. ജീവനക്കാരൻ പെട്രോൾ നിറയ്ക്കുന്ന തക്ക ത്തിൽ നീല ഷർട്ടും നീല ലുങ്കിയും ധരിച്ചെത്തിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവർന്ന ശേഷം കടന്നുകളയുകയായിരുന്നു. മേശ വലിപ്പിൽ ഉണ്ടായിരുന്ന 500 രൂപയുടെ 3 കെട്ട് നോട്ടുകളാണ് ഇയാൾ കൈക്കലാക്കിയത്. പെട്രോൾ പമ്പിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യത്തിലൂടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് ഇരിട്ടി ചെളിയംതോടിലെ കുരുവി സജുവാണ് മോഷണം നടത്തി യതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സജു. നീലേശ്വരം കാഞ്ഞിയ്ക്കൽ ജ്വല്ലറിയിലും മോഷണം നടത്തിയിട്ടുണ്ട്.മോഷണ ശേഷം കർണാടക ത്തിലേക്കു മുങ്ങുന്നതാണ് ഇയാളുടെ രീതി.മോഷ്ടാവിനെ കണ്ടെത്താൻ ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു നീലേശ്വരം പൊലീസ് അറിയിച്ചു.
