കാസര്‍കോട്: കാഞ്ഞങ്ങാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വ്യാജ സിദ്ധനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പെര്‍ള സ്വദേശിയും കണ്ണൂര്‍, കക്കാട്ടും തളിപ്പറമ്പിലും താമസക്കാരനുമായ ഷിഹാബുദ്ദി (55)നെ കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് ഹൊസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി റിമാന്റിലാണിപ്പോള്‍. പീഡനത്തിനു ഇരയായ സ്ത്രീയുടെ രണ്ടുമക്കളെ തളിപ്പറമ്പിലെ വീട്ടില്‍ എത്തിച്ചതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പീഡനത്തിനു ഇരയായ വീട്ടമ്മയുടെ മകളുടെ രോഗം മാറ്റാമെന്ന വ്യാജേനയാണ് ഷിഹാബുദ്ദീന്‍ കുടുംബവുമായി അടുപ്പത്തില്‍ കൂടിയത്. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തി വ്യാജ ചികിത്സ നടത്തിയ പ്രതി വീട്ടമ്മയേയും ഭര്‍ത്താവിനെയും മൂന്നു മക്കളെയും തനിക്കു മന്ത്രവാദ സിദ്ധിയുണ്ടെന്നു പറഞ്ഞ് വശത്താക്കി തളിപ്പറമ്പിലേയ്ക്ക് താമസം മാറ്റിപ്പിച്ചു. പരാതിക്കാരിയുടെ രണ്ടു പെണ്‍മക്കളുടെയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലായിരുന്നു. അവര്‍ നാട്ടില്‍ എത്തിയപ്പോഴാണ് കുടുംബത്തെ തളിപ്പിറമ്പിലെ സിദ്ധന്റെ വീട്ടിലേയ്ക്ക് താമസം മാറ്റിപ്പിച്ച കാര്യം അറിഞ്ഞതെന്നു പറയുന്നു.
വീട്ടമ്മ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നേരത്തെ കേസെടുത്ത് ഷിഹാബുദ്ദീനെ അറസ്റ്റു ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടയില്‍ നെഞ്ചുവേദനയാണെന്നു പറഞ്ഞതോടെ പൊലീസ് കാവലില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് റിമാന്റു ചെയ്തു. ഇതു കാരണം വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നു കാണിച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയത്. അതേസമയം ഷിഹാബുദ്ദീന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു തട്ടിപ്പ് നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നാണ് സൂചന.
