കാസര്‍കോട്: പെരിയ, മുത്തനടുക്കത്ത് കാറില്‍ കടത്തുന്നതിനിടയില്‍ 256.02 ഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട്, കൂമ്പാറ, കൂടരഞ്ഞി സ്വദേശിയായ സാദിഖലി (36)യെ ആണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ ആലംപാടിയിലെ അബ്ദുല്‍ ഖാദറില്‍ നിന്നാണ് സാദിഖലിയെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. ഇതു പ്രകാരമാണ് ബേക്കല്‍ പൊലീസ് കൂടരഞ്ഞിയില്‍ എത്തിയത്. തന്നെ തേടി പൊലീസ് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച സാദിഖലി വയനാട്ടിലേയ്ക്കു രക്ഷപ്പെട്ടു. ഇക്കാര്യം പൊലീസ് ബത്തേരി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ബത്തേരി പൊലീസ് ലക്കിടിയില്‍ നടത്തിയ പരിശോധനയിലാണ് സാദിഖലിയെ പിടികൂടി ബേക്കല്‍ പൊലീസിനു കൈമാറിയത്. പ്രതിയെ ബേക്കലില്‍ എത്തിച്ച് വിശദമായ മൊഴിയെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച രാത്രിയിലാണ് മുത്തനടുക്കത്ത് എം ഡി എം എ വേട്ട നടന്നത്. കാറില്‍ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം പിടികൂടിയത്. ബേക്കല്‍ ഡിവൈ എസ് പി വി വി മനോജ്, ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസ്, എസ് ഐ സവ്യസാചി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംഭവത്തില്‍ അബ്ദുല്‍ ഖാദറിനൊപ്പം മുളിയാര്‍ പൊവ്വല്‍ സ്വദേശി മുഹമ്മദ് ഡാനിഷിനെയും മുത്തനടുക്കത്തു വച്ച് പിടികൂടിയിരുന്നു.
