ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോഹ് ജില്ലയില്‍ 40 വയസുകാരിയെ മുതല കടിച്ചുകൊന്നു. വ്യര്‍മ നദിക്കരയില്‍ ഇരിക്കുകയായിരുന്ന മാല്‍തി ബായി എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ
6 മണിയോടെ കനിയാഘട്ട് പതി ഗ്രാമത്തിലാണ് സംഭവം. സംസ്ഥാന ദുരന്ത സേനയും വനം വകുപ്പും നടത്തിയ തെരച്ചിലില്‍ 40 കിലോമീറ്റര്‍ അകലെ നദിയില്‍ നിന്നും മൃതദേഹം കണ്ടെത്തി. രാവിലെ കുളിക്കാനെത്തിയതായിരുന്നു മാല്‍തി. നദീയില്‍ നിന്നും പത്തടി അകലത്തില്‍ നിന്ന് കുളിക്കവേ മുതല കടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതുകണ്ട നദിക്കരയിലുള്ളവര്‍ മുതലയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഏകദേശം ഒന്നര മണിക്കൂറിനു ശേഷമാണ് നദിയുടെ മറുവശത്ത് മൃതദേഹം കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സുധീര്‍ കുമാര്‍ കൊച്ചാര്‍, പൊലീസ് സൂപ്രണ്ട് ശ്രുത്കീര്‍ത്തി സോമവംശി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മുതലകളുടെ സാന്നിദ്ധ്യം കൂടുതലുള്ള നദിക്കരയില്‍ സുരക്ഷാ നടപടികള്‍ വേണമെന്ന് നാട്ടുകാര്‍ വീണ്ടും ആവശ്യപ്പെട്ടു. നദിയില്‍ ഇവിടെ ധാരാളം മുതലകളുള്ളതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം, പത്ത് വയസുള്ള ഒരു കുട്ടിയെ മുതല ആക്രമിച്ചിരുന്നു.
