കാസര്‍കോട്: ഷെഡില്‍ സൂക്ഷിച്ചിരുന്ന 200 തേങ്ങകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടന്നക്കാട്, തീര്‍ത്ഥങ്കര കണിച്ചിറയിലെ കെ രാജേഷ് (42), കെ രതീഷ്(45) എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി റിമാന്റു ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. തീര്‍ത്ഥങ്കരയിലെ ഒരു ഷെഡില്‍ സൂക്ഷിച്ചിരുന്ന 200 തേങ്ങ മോഷ്ടിച്ച പ്രതികള്‍ അവ പൊതിച്ചെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു.
കടക്കാരന്‍ എവിടെ നിന്നാണ് തേങ്ങ കിട്ടിയതെന്നു ചോദിച്ചപ്പോള്‍ പുഴയിലൂടെ ഒഴുകിവന്നതാണെന്നാണ് മറുപടി നല്‍കിയതത്രെ. തേങ്ങാ മോഷണം സംബന്ധിച്ച പരാതിയില്‍ കേസെടുത്ത പൊലീസ് മോഷ്ടാക്കളെ കണ്ടെത്താന്‍ തേങ്ങ വ്യാപാരം നടത്തുന്ന കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളെ തീര്‍ത്ഥങ്കരയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
തേങ്ങയ്ക്കു ഉയര്‍ന്ന വില ലഭിക്കുന്ന സാഹചര്യത്തില്‍ മോഷണം വ്യാപകമായതായി പരാതിയുണ്ട്. ബേഡകം, ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളില്‍ അടുത്തിടെ തേങ്ങാ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിരട്ട മോഷണവും വ്യാപമായിട്ടുണ്ട്.
