കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയിൽ വിജിലൻസ് 37 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ എം എൽ അശ്വിനി പറഞ്ഞു. 25 വർഷമായി ഭരണത്തിലുള്ള മുസ്ലിംലീഗ് നഗരസഭയെ നികുതിദായകരുടെ പണം തിരിമറി നടത്താനുള്ള മണി സെൻ്ററാക്കി മാറ്റിയെന്ന് അവർ ആരോപിച്ചു. വികസനരഹിത-അഴിമതി ഭരണത്തിനെതിരെ ബിജെപി ടൗൺ കമ്മിറ്റിയുടെ മുൻസിപ്പൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കാസർകോട് നഗരത്തിലെ റോഡുകൾ ബഹുഭൂരിഭാഗവും ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു. വിനോദസഞ്ചാരമേഖലയ്ക്കും നഗരസൗന്ദര്യവത്കരത്തിനും കേന്ദ്രസർക്കാരിൽ നിന്നും ഫണ്ട് നേടിയെടുക്കാൻ ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതി ശ്രമിച്ചില്ല. നികുതിദായകരുടെ ലക്ഷക്കണക്കിന് രൂപ തിരിമറി നടത്താനും പദ്ധതി നടത്തിപ്പിനുള്ള ഫണ്ട് വക മാറ്റി ചെലവഴിക്കാനും മാത്രമാണ് നഗരസഭ ഭരണസമിതിക്ക് താൽപ്പര്യമെന്ന് അവർ പറഞ്ഞു.37 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് നടന്ന സംസ്ഥാന വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞത്. പുറത്ത് വന്നതിലും എത്രയോ വലിയ അഴിമതിയും ക്രമക്കേടുമാണ് നഗരസഭയിൽ നടക്കുന്നതെന്നും ഭരണസമിതിയുടെ അറിവോടും അനുവാദത്തോടുമാണ് ഇതെന്നും അശ്വിനി കുറ്റപ്പെടുത്തി.
ജൈവ മാലിന്യ സംസ്ക്കരണ പദ്ധതി ഉൾപ്പെടെ വിവിധ ജനക്ഷേമ – വികസന പദ്ധതികളുടെ നടത്തിപ്പിലും വലിയ ക്രമക്കേടും അഴിമതിയുമാണ് നഗരസഭയിൽ നടക്കുന്നതെന്ന് മുൻസിപ്പൽ കൗൺസിലറും ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡൻ്റുമായ പി. രമേശ് കുറ്റപ്പെടുത്തി. വഴി വിളക്കുകൾ സ്ഥാപിക്കുന്നതാണ് നഗരസഭാ പരിധിയിൽ നടക്കുന്ന ഏക വികസനം. കഴിഞ്ഞ 25 വർഷങ്ങൾ കൊണ്ട് കോടിക്കണക്കിന് രൂപയാണ് ചെലാവാക്കാതെ ലാപ്സ് ആയി പോയതെന്നു രമേശൻ പറഞ്ഞു.
വരപ്രസാദ് കോട്ടക്കണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, മണ്ഡലം പ്രസിഡൻ്റ് ഗുരുപ്രസാദ് പ്രഭു സവിത , പ്രമീള മജൽ, വീണ അരുൺ ഷെട്ടി, മുൻസിപ്പൽ കൗൺസിലർമാർ, മണ്ഡലം, ടൗൺ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
