കണ്ണൂര്‍: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്കിനിടയില്‍ എസ്‌ഐയെ ആക്രമിച്ച ആള്‍ അറസ്റ്റില്‍. തലശ്ശേരി ചേറ്റംകുന്നിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനായ റഷീദി(45)നെയാണ് തലശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്.
തലശ്ശേരി ബ്രണ്ണന്‍ ഗവ. ബി.എഡ് കോളേജില്‍ പുറത്തു നിന്നുള്ള ഒരു സംഘമെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയിരുന്നത്. ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ്, എസ്.ഐ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. സമരാനുകൂലികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ല. കോളേജ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്ന റഷീദിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് എസ്.ഐ.യെ കയ്യേറ്റം ചെയ്തത്. എസ്.ഐ യെ അടിക്കുകയും ചവിട്ടുകയും ചെയ്ത പ്രതി പൊലീസ് വാഹനത്തിനു ചവിട്ടി സ്വയം നിസാര പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
