കണ്ണൂർ: രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ സഹോദരിയെ കുത്തി കൊലപ്പെടുത്തിയ സഹോദരന്മാർക്ക് ജീവപര്യന്തം തടവുശിക്ഷ. ഉള്ളിയിൽ സ്വദേശിനി ഖദീജയെ കൊലപ്പെടുത്തിയതിനു സഹോദരന്മാരായ കെ.എൻ. ഇസ്മായിൽ, കെ.എൻ. ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ആദ്യ വിവാഹം ഒഴിവാക്കിയ ഖദീജ രണ്ടാം വിവാഹത്തിനൊരുങ്ങിയതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് കോടതി കണ്ടെത്തിയിരുന്നു.
2012 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. ആദ്യ വിവാഹം ചെയ്തയാളെ ഖദീജ മൊഴി ചൊല്ലി. തുടർന്ന് ആൺസുഹൃത്തായ ഷാഹുൽ ഹമീദിനെ കല്യാണം കഴിക്കാനൊരുങ്ങി. വിവാഹത്തിൽ നിന്നു പിന്മാറണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും ഖദീജ തയാറായില്ല. ഇതോടെ വിവാഹം നടത്തിതരാമെന്ന വ്യാജേന ഖദീജയെയും ഷാഹുൽ ഹമീദിനെയും വിളിച്ചുവരുത്തി. തുടർന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തി. ഷാഹുൽ ഹമീദിനെ ഗുരുതരമായി കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. ഖദീജയുടേത് ദുരഭിമാന കൊലയല്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ ദുരഭിമാന കൊലയാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
