തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിനു പിന്നാലെ യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തെ ട്രോളി കുടുംബശ്രീയും. സംസ്ഥാനത്തെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഹരിത കര്‍മ സേന ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ അറിയിപ്പായി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ബ്രിട്ടീഷ് വിമാനം വിഷയമാക്കിയത്. ഹരിതകര്‍മ സേനാംഗം ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് ഇ-മാലിന്യം വല്ലതും ഉണ്ടെങ്കില്‍ പറയണമെന്നും തങ്ങള്‍ എടുത്തോളാം എന്നു പറയുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്തെയും കാണാം. സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് പോസ്റ്റിനു ലഭിക്കുന്നത്.
ജൂലൈ 15 മുതലാണ് ഹരിതകര്‍മ സേന ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുക. പൊതുജനങ്ങള്‍ക്കു തങ്ങളുടെ കൈവശമുള്ള ഇ-മാലിന്യങ്ങള്‍ ഹരിത കര്‍മ സേനയ്ക്ക് കൈമാറാം. വില നല്‍കിയാകും ഇത്തരം മാലിന്യങ്ങള്‍ സ്വീകരിക്കുക.
നേരത്തേ കേരള ടൂറിസം ബ്രിട്ടീഷ് യുദ്ധവിമാനത്തെ ഉള്‍പ്പെടുത്തി തയാറാക്കിയ പരസ്യം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കേരളം സുന്ദരമായ പ്രദേശമാണെന്നും തനിക്ക് തിരിച്ചു പോകണ്ടെന്നും വിമാനം അഭിപ്രായപ്പെടുന്നതാണ് പരസ്യത്തിലുള്ളത്. എല്ലാവരും കേരളത്തിലെത്തണമെന്ന് വിമാനം ശുപാര്‍ശ ചെയ്യുന്നതും പരസ്യത്തിലുണ്ടായിരുന്നു. പിന്നാലെ മകനേ മടങ്ങി വരൂ എന്ന തലക്കെട്ടോടെ വിമാനത്തിന്റെ ചിത്രവുമായി ബ്രിട്ടനിലെ മലയാളി റസ്റ്ററന്റ് നല്‍കിയ പരസ്യവും വൈറലായിരുന്നു.
അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നു പറന്നുയര്‍ന്ന വിമാനം ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 14ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. അടിയന്തര ലാന്‍ഡിങ്ങിനിടെ യന്ത്രതകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിമാനം തിരുവനന്തപുരത്ത് കുടുങ്ങിയത്. നിലവില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ സാങ്കേതിക വിദഗ്ധര്‍ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ഈ മാസം 14ന് തിരികെ പറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്.
