തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബിന്ദുവിന്റെ മകന്‍ നവനീതിന് ഉചിതമായ ജോലി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യുവാനും തീരുമാനിച്ചു. ബിന്ദുവിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 12.5 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തില്‍ ധസഹായവും മകന് ജോലിയും പ്രഖ്യാപിച്ചത്. മകളുടെ ചികിത്സാ ചിലവുകള്‍ കണ്ടെത്തുന്നതിലും സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കിയിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, സഹകരണ മന്ത്രി വിഎന്‍ വാസവന്‍ എന്നിവര്‍ തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ കാണുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിലാണ് ബിന്ദു മരിച്ചത്. തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ സ്വദേശിനിയായിരുന്നു 52 കാരിയായ ബിന്ദു. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ജൂലൈ 3 നാണ് അപകടം സംഭവിച്ചത്.
