തിരുവനന്തപുരം: ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കേരളത്തിലെത്തും. രാത്രി 11ഓടെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ ശനിയാഴ്ച 2 പരിപാടികളിൽ പങ്കെടുക്കും.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് അമിത് ഷാ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡ് തല നേതൃയോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടുള്ള കേരളം മിഷൻ 2025 പ്രഖ്യാപിക്കും. ഇതോടെ തിരഞ്ഞെടുപ്പിലെ സംഘടനാ തല പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാർഡ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെ വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് വെർച്വലായി യോഗത്തിൽ പങ്കെടുക്കും.
വൈകിട്ടോടെ തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന അമിത്ഷാ കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തും. രാത്രിയോടെ ഡൽഹിക്ക് മടങ്ങും.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ഭരണം പിടിക്കാൻ ലക്ഷ്യമിട്ടാണ് ബിജെപി കളത്തിലിറങ്ങുന്നത്. 400 പഞ്ചായത്തുകളിലും 25 നഗരസഭകളിലും ഭരണം പിടിക്കാനും പാർട്ടി ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് ആകെ 10,000 വാർഡുകൾ വിജയിക്കാനാണ് ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
നിലവിൽ പാലക്കാട്, പന്തളം നഗസഭകളും 19 പഞ്ചായത്തുകളുമാണ് ബിജെപി ഭരിക്കുന്നത്. 1600ഓളം വാർഡ് മെമ്പർമാരാണ് പാർട്ടിക്കുള്ളത്.
