പയ്യന്നൂർ: അനാമയ ആശുപത്രിയിലെ നഴ്‌സുമാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ കാനപ്രവൻ ഹൗസിൽ കെ പി സലീമിനെ (38)യാണ് പയ്യന്നൂർ എസ്ഐ പി യദുകൃഷ്ണനും സംഘവും അറസ്‌റ്റുചെയ്‌തത്. മെയ് നാലിന് പകൽ 1.30നും രണ്ടിനും ഇടയിലാണ് പയ്യന്നൂർ മൂരിക്കൊവ്വലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരായ പരിയാരം കുറ്റേരിയിലെ സന്ധ്യ വിനോദ്, ചെറുപുഴയിലെ സാന്ദ്ര, നിധി ജോസഫ് എന്നിവരുടെ ഫോണുകൾ മോഷണം പോയത്. ഡ്യൂട്ടിക്കിടെ ആശുപത്രിയുടെ റിസപ്ഷനിൽ സൂക്ഷിച്ച 54,000 രൂപ വിലവരുന്ന മൂന്നു ഫോണാണ് മോഷ്ടിച്ചത്. ജീവനക്കാർ കൗണ്ടറിൽനിന്ന് മാറിയ ഉടൻ ഫോണുകളുമായി മോഷ്ടാവ് കടന്നു കളയുകയായിരുന്നു. ഇയാളുടെ ദൃശ്യം ആശുപത്രിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. ഫോൺ ചെയ്‌തുകൊണ്ടുനടന്നുവന്ന് മോഷ്ടിച്ചു കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ടൗണിലെയും കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആശുപത്രികളിലും സമാന രീതിയിൽ മൊബൈൽ മോഷണം നടത്തിയിട്ടുണ്ട്. സമാന കേസിൽ കർണാടകത്തിലെ ജയിലിലായിരുന്ന പ്രതിയെ പയ്യന്നൂർ കൊണ്ടുവന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
