തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കിനെ തുടർന്ന് കേരള, കാലിക്കറ്റ്, എംജി സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. അതേ സമയം പണിമുടക്കിനെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി നയിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. കെഎസ്ഇബിയും കെഎസ്ആർടിസിയും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളം പിടിക്കും.എല്ലാ സർവീസുകളും പതിവു പോലെ പ്രവർത്തിപ്പിക്കണമെന്നാണ് കെഎസ്ആർടിസി ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. ദീർഘദൂര, അന്തർ സംസ്ഥാന സർവീസുകൾ നടത്തണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ പൊലീസ് സഹായം തേടാനും കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിട്ടു.
