തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയുടെ കൊലപാതകത്തിനു കാരണം ജോലിയിൽ നിന്നും പിരിച്ചു വിട്ടതിലുള്ള പ്രതികാരമെന്ന് പ്രതികൾ. വഴുതയ്ക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിന്റെ കൊലപാതകത്തിൽ പ്രതികളായ വിഴിഞ്ഞം സ്വദേശി രാജേഷ്, നേപ്പാൾ സ്വദേശി ഡേവിഡ് എന്നിവരാണ് പൊലീസിനോടു കുറ്റസമ്മതം നടത്തിയത്. ഇരുവരും ഹോട്ടലിലെ ജീവനക്കാരായിരുന്നു.
ചൊവ്വാഴ്ചയാണ് ജസ്റ്റിൻ രാജിനെ ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കു ശേഷം മൃതദേഹം പായ കൊണ്ട് മൂടി. മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇവർ ഒളിവിൽ പോകുകയായിരുന്നു. നിലവിൽ പാളയം പൊലീസ് കസ്റ്റഡിയിലാണ് പ്രതികളുള്ളത്. നേരത്തേ ഒളിവിലായിരുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. മദ്യലഹരിയിലായിരുന്ന ഇവർ പൊലീസിനെ അക്രമിക്കുകയായിരുന്നു.
