തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ 2 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വഴുതയ്ക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജ്(60) ആണ് കൊല്ലപ്പെട്ടത്. ജീവനക്കാർ താമസിക്കുന്ന വാടക വീടിന്റെ പരിസരത്ത് ജസ്റ്റിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശി രാജേഷ്, നേപ്പാൾ സ്വദേശി ഡേവിഡ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിക്കെത്തിയിരുന്നില്ല. ഇതോടെ ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിൽ പോയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതോടെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം പായ കൊണ്ട് മൂടിയ നിലയിലായിരുന്നു. സംഭവത്തിനു പിന്നാലെ രാജേഷും ഡേവിഡും ഒളിവിൽ പോയി. എന്നാൽ അടിമലത്തുറയിൽവച്ച് ഇവരെ പൊലീസ് പിടികൂടി. ഇവർ നടത്തിയ ആക്രമണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.പാറശാല മുൻ എംഎൽഎയും സിപിഎം തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയുമായ എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.
