ബെംഗളൂരു: ഭീകരവാദ കേസുകളിൽ ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നൽകിയ 3 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ജയിലിലെ മനോരോഗ വിദഗ്ധൻ ഡോക്ടർ നാഗരാജ്, എഎസ്ഐ ചാന്ദ് പാഷ, ഭീകരവാദ കേസിലെ പ്രതിയുടെ അമ്മയായ അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.
നസീറിന് ജയിലിലേക്ക് ഫോൺ എത്തിച്ചു നൽകിയതിനാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്. നസീറിനെ വിവിധ കോടതികളിൽ എത്തിക്കുന്നതിന്റെ വിവരങ്ങൾ കൈമാറിയതിനാണ് എഎസ്ഐ പിടിയിലായത്.
വിവിധ ഭീകരവാദകേസുകളിലെ പ്രതിയായ ജുനൈദ് അഹമ്മദിന്റെ അമ്മയാണ് അറസ്റ്റിലായ അനീസ് ഫാത്തിമ. നസീറിന് വിവരങ്ങൾ കൈമാറുകയും പണം ജയിലിൽ എത്തിച്ചു നൽകിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ബെംഗളൂരുവിലും കോലാറിലും പ്രതികളുമായി ബന്ധമുള്ള 5 ഇടങ്ങളിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ, പണം, സ്വർണം എന്നിവ പിടിച്ചെടുത്തു.
