കൊച്ചി : എറണാകുളം കളമശ്ശേരിയിൽ എൻഐഎ ഓഫിസിന് സമീപമുള്ള സ്വകാര്യ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അടിക്കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുടർന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. ഏറെ കാലമായി കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവയുടെ കാലപ്പഴക്കം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആ കാലത്ത് കാണാതായവരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാകും അന്വേഷണം മുന്നോട്ടു പോകുക. നിലവിൽ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തു. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിനു സമീപമാണ് കളമശേരി മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ആശുപത്രിയുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്.
