കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും വീടിനു നേരെ കല്ലെറിഞ്ഞ് ഓടുകള്‍ പൊട്ടിക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി 30 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. അഡൂര്‍, മൂല ഹൗസിലെ എം.ഇ ബാത്തിഷ (48)യെ ആണ് ആദൂര്‍ എസ് ഐ വിനോദ് കുമാര്‍, എ എസ് ഐ സത്യപ്രകാശ് ജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാഘവന്‍, സി പി ഒ ഹരീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 1995 ഏപ്രില്‍ 21ന് ആണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതിയായ ബാത്തിഷയ്ക്ക് 18 വയസ്സായിരുന്നു പ്രായം. അഡൂരിലെ ടി അബൂബക്കര്‍ ആണ് അക്രമത്തിനു ഇരയായത്. അക്രമത്തില്‍ പരാതിക്കാരന്റെ മാതാവിനും പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബാദിഷ ഗള്‍ഫിലും നാട്ടിലും കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റു ചെയ്യാന്‍ ഏറെ തവണ ശ്രമിച്ചിരുന്നുവെങ്കിലും ലക്ഷ്യം കണ്ടില്ല. പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിലാണ് പ്രതി പൈവളിഗെ, ചേവാര്‍, മടുവാള ഗദ്ദേ എന്ന സ്ഥലത്തുള്ളതായി പൊലീസിനു വിവരം ലഭിച്ചത്. തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തിയ എസ് ഐയും സംഘവും പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
