കോഴിക്കോട്: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിൽ യാത്രക്കാരനു നൽകിയ ഭക്ഷണത്തിൽ നിന്ന് ചത്തപല്ലിയെ കിട്ടി. കറി കഴിച്ചു തുടങ്ങിയതിനു ശേഷമാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരൻ കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സി-5 കോച്ചിലെ 75-ാം നമ്പർ സീറ്റിലിരുന്ന യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്.എറണാകുളത്തുവച്ചാണ് വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്തിരുന്നതെന്ന് യാത്രക്കാർ പറയുന്നു. പലരും ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഇദ്ദേഹം ഒരു പാത്രവുമായെത്തി ബഹളമുണ്ടാക്കിയത്.എന്താണു പ്രശ്നമെന്നു ആദ്യം പറഞ്ഞിരുന്നില്ലെന്നും പിന്നീട് കാറ്ററിങ് സർവീസ് മാനേജർ അന്വേഷിച്ചപ്പോഴാണ് ചത്ത പല്ലിയെ കിട്ടിയതായി പറഞ്ഞതെന്നും മറ്റു യാത്രക്കാർ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ യാത്രക്കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.നേരത്തേ ഇതേ ട്രെയിനിൽ മോശം ഭക്ഷണം വിതരണം ചെയ്തതിനു 15 ലക്ഷം രൂപ പിഴ ഈടാക്കിയതായി കണക്കുകൾ പുറത്തുവന്നിരുന്നു. മാർച്ചിൽ കാലാവധി കഴിഞ്ഞ ജ്യൂസ് വിതരണം ചെയ്തതായി യാത്രക്കാരനും പരാതി നൽകിയിരുന്നു.
