കൊച്ചി: മതസ്പർധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 2022ൽ പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചതിനാണ് കേസെടുത്തത്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യ വ്യവസ്ഥയിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രസംഗത്തിൽ സമാന കുറ്റകൃത്യം പി.സി. ജോർജ് ആവർത്തിച്ചിട്ടുണ്ടെന്നും അതിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം അടിയന്തരാവസ്ഥയുടെ വാർഷിക പരിപാടിക്കിടെ ഇടുക്കിയിൽ പി.സി. ജോർജ് വീണ്ടും മതവിദ്വേഷ പരാമർശം നടത്തിയിരുന്നു. കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു പരാമർശം.
