കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ നടനും സംവിധായകനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി അനുവദിച്ച ഉപാധികളോടെയുള്ള മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടും.സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മരട് സ്വദേശി സിറാജ് വലിയതിറ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നേരത്തേ പ്രതികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇവർ സിറാജിനെ കബളിപ്പിച്ചതായും ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് നടത്തിയതെന്നുമാണ് പൊലീസ് വാദം. സിനിമയ്ക്കായി 7 കോടി രൂപ താൻ മുടക്കിയതായും കരാർ പ്രകാരം ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്കു നൽകണമെന്നും സിറാജ് ആവശ്യപ്പെടുന്നു. എന്നാൽ സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകിയില്ലെന്നും ഇതു കനത്ത സാമ്പത്തിക നഷ്ടത്തിനു ഇടയാക്കിയതായും നിർമാതാക്കളും വാദിക്കുന്നു.
