തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. ഗതാഗത കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ബസ് ഉടമകളുടെ സംയുക്ത സമിതി സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി വർധിപ്പിക്കണം, വിദ്യാർഥി കൺസെഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കണം, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പുനപരിശോധിക്കണം, ബസ് ഉടമകളിൽ നിന്നു അമിതമായി പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം, ഉടമകൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കണം, 140 കിലോമീറ്റർ ദുരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. എന്നാൽ സമരത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ ബസുകളും സർവീസിനിറക്കാൻ കെഎസ്ആർസിടിസി എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കു ആവശ്യാനുസരണം സർവീസ് നടത്തണം. ക്രമസമാധാന പ്രശ്നമുണ്ടായാൽ പൊലീസ് സഹായം തേടണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
