കൊച്ചി: രോഗികൾക്ക്കൂടി വായിക്കാൻ കഴിയുന്ന വിധത്തിൽ ഡോക്ടർമാർ ജനറിക് മരുന്നുകളുടെ കുറിപ്പടി എഴുതണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികൾ എഴുതുന്ന ഡോക്ടർമാരെ വിമർശിച്ചു കൊണ്ടാണ് നടപടി. മെഡിക്കൽ രേഖകൾ യഥാക്രമം രോഗികൾക്ക് ലഭ്യമാക്കണം.
രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം ഡിജിറ്റലായി മെഡിക്കൽ രേഖകൾ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഡിജിറ്റൽ മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണം. മെഡിക്കൽ രേഖകൾ ലഭിക്കാനുള്ള അവകാശം രോഗിക്കുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അധികൃതർ രോഗിയെ ഇക്കാര്യം അറയിക്കണമെന്നും കോടതി നിർദേശിച്ചു.
