തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാൾ ജീപ്പിൽ കൊണ്ടുവരവേ അടുത്തിരുന്ന പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. പ്രതിക്കെതിരെ രണ്ട് കേസടുത്ത് പൊലീസ്. ബാലരാമപുരം സ്വദേശി സിജു പി. ജോൺ(46) ആണ് പ്രതി. ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തുനിന്ന് മദ്യപിച്ച് ബൈക്കോടിച്ച് വരവേ പൊലീസ് സംഘം സിജുവിനെ പിടികൂടിയിരുന്നു. തുടർന്ന് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോൾ സമീപത്തിരുന്ന പൊലീസുകാരന്റെ മൊബൈൽഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതറിയാതെ രാത്രിയോടെ ഇയാളെ ജാമ്യത്തിൽ വിട്ടു. പിന്നീട് ഫോൺ കാണാത്തത്തിനെത്തുടർന്ന് സിപിഒ സൈബർ പൊലീസിന്റെ സഹായംതേടി. ഞായറാഴ്ചയോടെ തൃശ്ശൂർ പോകാനായി സിജു തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന സിജു അവിടെയും ബഹളമുണ്ടാക്കി. റെയിൽവേ പൊലീസ് പിടികൂടി ചോദ്യംചെയ്തപ്പോൾ രണ്ട് മൊബൈൽഫോണുകൾ കണ്ടെടുത്തു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പൊലീസുകാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ഇയാൾ സമ്മതിച്ചത്. വിഴിഞ്ഞം പൊലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
