ബംഗളൂരു: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) പേസര്‍ യാഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് പരാതിക്കാരി. യാഷ് ദയാലുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗിലായിരുന്നു ഇവര്‍. ഈ സമയത്താണ് തന്നെ ശാരീരികവും മാനസികവുമായി താരം പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ താരത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ദയാലിനെതിരെ യുവതി ഇലക്ട്രോണിക് തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് പൊലീസ് ഇപ്പോള്‍ പരിശോധിച്ചു വരികയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇരയുടെ മൊഴി കോടതിയില്‍ ഔദ്യോഗികമായി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരമാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നതെന്നാണ് വിവരം. കുറ്റം തെളിയിക്കപ്പെട്ടാല്‍ യാഷ് ദയാലിന് പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബിയെ പ്രതിനിധീകരിച്ച് കളിച്ച ഒരു ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറാണ് ദയാല്‍. 27 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളും 71 ടി 20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
