കാസര്‍കോട്: മന്ത്രവാദ ചികിത്സക്കിടയില്‍ 55കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റു ചെയ്തു. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ശിഹാബുദ്ദീന്‍ തങ്ങളെ (52)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് കേസിലെ പരാതിക്കാരി. വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്നാണ് പരാതിക്കാരി ശിഹാബുദ്ദീന്റെ മന്ത്രവാദ ചികിത്സ തേടിയത്. തങ്ങള്‍ വീട്ടിലെത്തിയായിരുന്നു ചികിത്സ നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസത്തെ ചികിത്സക്കിടയില്‍ സ്ത്രീയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ എപ്പോഴും കയ്യില്‍ കൊണ്ടു നടക്കുന്ന അത്ഭുതശക്തിയുള്ള മാന്ത്രികവടി കൊണ്ട് അടിച്ചതായും പരാതിയും പറഞ്ഞിരുന്നു. പീഡനശ്രമത്തിനു ഇരയായ സ്ത്രീയോടു സ്വര്‍ണാഭരണം ആവശ്യപ്പെട്ടിരുന്നു. ആഭരണങ്ങള്‍ ലോക്കറില്‍ ആണെന്നു പറഞ്ഞപ്പോഴും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ചികിത്സ നടത്തിയ ആളാണ് ഷിഹാബുദ്ദീന്‍ തങ്ങളെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ഏതാനും ദിവസം മുമ്പാണ് പൊലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് നിരീക്ഷണത്തിലായിരുന്നു ചികിത്സ.
