കാസര്‍കോട്: എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസിലെ പ്രതി സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍. കളനാട് കൈനോത്ത് സ്വദേശി ഡി ഉദയന്‍ ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മേല്‍പ്പറമ്പ് നടക്കാനില്‍ വച്ചാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. ജൂപ്പിറ്റര്‍ സ്‌കൂട്ടിയില്‍ അഞ്ചുലിറ്റര്‍ ഗോവന്‍ മദ്യവും 4.14 ലിറ്റര്‍ കര്‍ണാടക മദ്യവും എക്‌സൈസ് കണ്ടെടുത്തു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രമോദ് കുമാറും സംഘവുമാണ് റെയ്ഡിനെത്തിയത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും പ്രതിയേയും തുടര്‍ നടപടികള്‍ക്കായി റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രതി മുന്‍ അബ്കാരി കേസുകളിലെ പ്രതിയാണ്. നേരത്തെ പ്രതിയുടെ വീട്ടില്‍ റെയ്ഡിന് ചെന്നപ്പോള്‍ എക്‌സൈസ് സംഘത്തിന് നേരെ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സി.കെ.വി സുരേഷ്, സി.ഇ.ഒ ഷിജിത്ത്, അതുല്‍. ടി.വി, രാജേഷ് പി എന്നിവരും തിങ്കളാഴ്ച നടന്ന റെയ്ഡില്‍ പങ്കെടുത്തിരുന്നു.
