പത്തനംതിട്ട: കോന്നി ചെങ്കുളത്ത് പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ അടർന്നു വീണുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കുടുങ്ങി കിടക്കുന്ന രണ്ടാമത്തെയാളെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിറ്റാച്ചിയുടെ ഹെൽപ്പറായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 3 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഹിറ്റാച്ചി ഉപയോഗിച്ച് കല്ലുകൾ മാറ്റിയപ്പോഴാണ് മൃതദേഹം ലഭിച്ചത്.
ഹിറ്റാച്ചിയുടെ ഓപ്പറേറ്റർക്കായാണ് തിരച്ചിൽ നടക്കുന്നത്. മുകളിൽ വീണ കല്ലുകൾക്കിടയിലാണ് തൊഴിലാളി കുടുങ്ങി കിടക്കുന്നത്. എന്നാൽ ഇവിടേക്ക് എത്താൻ പ്രയാസമുണ്ട്. വിദഗ്ധരായ രക്ഷാപ്രവർത്തകരെ ഉപയോഗിച്ച് തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.
അതിനിടെ ലൈസൻസില്ലാതെയാണ് പാറമടയിൽ ക്രഷർ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ലൈസൻസ് ജൂൺ 30ന് അവസാനിച്ചിരുന്നു. പാറമടയ്ക്കെതിരെ പഞ്ചായത്ത് മുൻ അംഗം ബിജി കെ. വർഗീസ് കോന്നി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. 120 ഏക്കറിലാണ് പാറമട പ്രവർത്തിക്കുന്നത്.
