തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 11 വരെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചുവെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഹാരാഷ്ട്ര മുതല്‍ ഗോവ തീരം വരെ, തീരത്തോട് ചേര്‍ന്ന് ന്യുനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിന് മുകളിലായും ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 -3 ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് ഇവ നീങ്ങാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയും ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.
