കോഴിക്കോട്: ഞാവൽ പഴമാണെന്നു കരുതി വിഷക്കായ കഴിച്ച ഒൻപതാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അഭിഷേക് (14) ആണ് ചികിത്സ തേടിയത്.
വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽ പഴമാണെന്നു കരുതി വിഷക്കായ കഴിക്കുകയായിരുന്നു. പിന്നാലെ ചുണ്ട് തടിച്ചു വരികയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് താമരശേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം ഡോക്ടർമാരുടെ നിർദേശ പ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ വിഷക്കായ കഴിച്ച് 2 കുട്ടികൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഞാവലിനു പകരം ചേര് മരത്തിന്റെ കായയാണ് കുട്ടികൾ പറിച്ചു തിന്നതെന്നാണ് നിഗമനം. എന്നാൽ ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല.
