കൊല്ലം: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനിയായ ചിഞ്ചു അനീഷിനെ എറണാകുളം കലൂരിൽ നിന്നാണ് പുനലൂർ പൊലീസ് പിടികൂടിയത്.
ന്യൂസിലാൻഡിലെ സീപോർട്ടിൽ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുകയായിരുന്നു. പെരുമ്പാവൂരിസെ ഫ്ലൈ വില്ലാ ട്രീ, ടാലന്റ് വീസാ കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്.
11 ലക്ഷം രൂപ തട്ടിയെടുത്തതിനെതിരെ കൊല്ലം സ്വദേശി നിഷാദ് നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. ഒട്ടേറെ പരാതികൾ ഇവർക്കെതിരെയുണ്ട്. പരാതികൾ ഉയർന്നതോടെ ഒളിവിൽ പോയ ചിഞ്ചുവിനെ പൊലീസ് പിടികൂടുകയായിരുന്നു. തട്ടിപ്പിലെ പങ്കാളിയായ ബിനിൽ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം നോർത്ത് പൊലീസ് പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
