തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി എ അരുൺ കുമാർ. അച്ഛന്‍റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചതെന്നും അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണെന്നും വി എ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി എസ് സ്വയം ശ്വസിച്ചു തുടങ്ങിയതായി പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി കെ ശശിധരൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വെന്റിലേറ്ററിന്റെ സഹായം ഇപ്പോൾ ആവശ്യമായി വരുന്നില്ലെന്നു അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23-നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞിരുന്നു. 102 വയസുളള വിഎസ് അച്യുതാനന്ദന്‍ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.d
